ഹരിതകേരളം എന്തിന്??
പരന്നു നിറയുന്ന പച്ചപ്പും ജലസമൃദ്ധിയുമാണ് കേരളത്തിന്‍റെ മുഖമുദ്രകളായി കരുതപ്പെടുന്നത്. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളം ഇടം നേടിയതും ഈ ഹരിത ചാരുതയാലാണ്. എന്നാല്‍ സംസ്ഥാനത്തിന്‍റെ ഈ ആകര്‍ഷണീയത ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. ജലസ്രോതസ്സുകളുടെ ക്ഷയിക്കലും മലിനമാകലും, നഗര, ഗ്രാമ ഭേദമെന്യേ പരിഹാരമില്ലാതെ അവശേഷിക്കുന്ന മാലിന്യ സംസ്കരണം, കാര്‍ഷിക മേഖലയുടെ ചുരുങ്ങല്‍ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍. ശുചിത്വമാലിന്യ സംസ്കരണം, ജലവിഭവ സംരക്ഷണം, കാര്‍ഷിക മേഖലയുടെ വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ഹരിതകേരളം മിഷനിലൂടെ ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനാണ് ശ്രമിക്കുന്നത്.
ഇതിനായി മൂന്ന് ഉപമിഷനുകൾ ഉണ്ടാകും:
നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതു വഴി പ്രാദേശിക തലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജല ഉപയോഗ സംസ്കാരം രൂപപ്പെടുത്തുന്നതിലാണ് ജലസംരക്ഷണ ഉപമിഷന്‍റെ ഊന്നല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ഒട്ടാകെയുള്ള കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കു ന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. രണ്ടാംഘട്ടത്തില്‍ നദികള്‍, കായലുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും നടപ്പാക്കും. യുവജന സംഘടനകള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങ ളുടെയും പങ്കാളിത്തം ഉറപ്പാക്കും. ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുന്നതോടൊപ്പം, ഉറവിട മാലിന്യസംസ്കാര സങ്കേതങ്ങള്‍ ഉപയോഗിച്ച് ജൈവകൃഷിക്ക് അനുയോജ്യമായ പശ്ചാത്തലമൊരുക്കുകയും വീടുകളില്‍ കൃഷി വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് മാലിന്യസംസ്കരണ-കൃഷി വികസന കർമ്മസേനകൾ അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. അതോടൊപ്പം ബയോഗ്യാസ് സംവിധാനങ്ങള്‍, തുമ്പൂര്‍മൂഴി മാതൃകയിലുള്ള വികേന്ദ്രീകൃത മാലിന്യസംസ്കാര സംവിധാനങ്ങള്‍, ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്കരിക്കാനുള്ള സങ്കേതങ്ങള്‍ ലഭ്യമാക്കുക എന്നിവയും ശുചിത്വ-മാലിന്യ സംസ്കരണ ഉപമിഷന്‍റെ ലക്ഷ്യങ്ങളാണ്. ഉറവിട മാലിന്യ സംസ്കരണത്തോടൊപ്പം തന്നെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരപ്രദേശങ്ങള്‍ക്കായി നൂതന രീതിയിലുള്ള കേന്ദ്രീകൃത സംസ്കരണ സംവിധാനങ്ങളും നടപ്പാക്കും. വീടുകള്‍ തോറുമുള്ള കൃഷി സാധ്യതയ്ക്കു പുറമെ പച്ചക്കറിയിലും മറ്റ് അടിസ്ഥാന കൃഷി ഉല്‍പന്നങ്ങളിലും സ്വയംപര്യാപ്തത നേടാനുതകുന്ന വിധത്തില്‍ പൊതുവായ ഇടപെടലുകളും കൃഷി വികസന ഉപമിഷൻ ലക്ഷ്യമിടുന്നതാണ്. ഇക്കാര്യത്തില്‍ മൂന്ന് ടാസ്ക് ഫോഴ്സുകളും സംസ്ഥാന, ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ ജനകീയ കൂട്ടായ്മയുണ്ടാകണം. സാക്ഷരതായജ്ഞവും വികേന്ദ്രീകൃത ആസൂത്രണവും നമുക്ക് വഴികാട്ടിയാവുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ടു വകുപ്പുകള്‍ ഏകോപിച്ചു നടത്തുന്ന മിഷന്‍ പ്രവര്‍ത്തനത്തില്‍ ജനപങ്കാളിത്തം പ്രധാനമാണ്. നമ്മുടെ മണ്ണും വെള്ളവും, നെല്ലും സംരക്ഷിക്കേണ്ടത് പൗരന്‍ എന്ന നിലയില്‍ നമ്മുടെ തന്നെ ഉത്തരവാദിത്വമാണ്. ബഹുജന സംഘടനകള്‍, സന്നദ്ധസംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സാങ്കേതിക വിദഗ്ദർ, യുവജനത, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ എല്ലാവരും ഒത്തൊരുമിച്ച് നടത്തേണ്ട മറ്റൊരു മുന്നേറ്റ മാണിത്.
സംസ്ഥാന ഹരിത കേരളം കണ്‍സോര്‍ഷ്യത്തിന്‍റെ ഘടന:
അധ്യക്ഷന്‍ : : മുഖ്യമന്ത്രി
സഹഅധ്യക്ഷര്‍ : : തദ്ദേശസ്വയംഭരണം, കൃഷി, ജലവിഭവം മന്ത്രിമാര്‍
ഉപ അധ്യക്ഷർ : : എംഎല്‍എമാര്‍/ മുന്‍ മന്ത്രി/ മുന്‍ എംഎല്‍എ/ മുന്‍ എംപി, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി
ഉപദേഷ്ടാവ് : : സീനിയര്‍ നിലവാരത്തിലുള്ള ഒരു ശാസ്ത്രജ്ഞന്‍
പ്രത്യേകക്ഷണിതാവ് : : പ്രതിപക്ഷ നേതാവ്
അംഗങ്ങള്‍ : : എംഎല്‍എമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ആസൂത്രണ ബോര്‍ഡിലെ ഒരംഗം, പ്രിന്‍സിപ്പല്‍ സെക്രട്ടറി (തദ്ദേശസ്വയംഭരണം, ആരോഗ്യം, കൃഷി, ജലവിഭവം, ടൂറിസം, വിദ്യാഭ്യാസം), സംസ്ഥാനത്തെ മൂന്ന് ടാസ്ക് ഫോഴ്സുകളുടെയും ചീഫ് എക്സിക്യൂട്ടീവുമാർ
മിഷന്‍സെക്രട്ടറി : : ആസൂത്രണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി
Introduction of Navakerala Mission to MLAs by Chief Minister Sree.Pinarayi Vijayan
കൃഷി
നിലവിലെ അവസ്ഥ
സംസ്ഥാനവരുമാനത്തിന്‍റെ 11.6 ശതമാനം കാര്‍ഷിക മേഖലയില്‍ നിന്നാണ്. എന്നാല്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക് താഴേക്കാണ്. കൂടാതെ, വന്‍തോതില്‍ കാര്‍ഷിക ഭൂമി മറ്റാവശ്യങ്ങള്‍ക്കായി പരിവര്‍ത്തനപ്പെടുത്തുന്നതും വ്യാപകമാണ്.
യന്ത്രവത്കരണത്തിന്‍റെ കുറവുകളും, അശാസ്ത്രീയ കൃഷിയും, കാര്‍ഷികാവശ്യങ്ങള്‍ മനസിലാക്കാതെയുള്ള ജലസേചനവും, രാസവളങ്ങളുടെ അമിതോപയോഗവും ഒക്കെ കാര്‍ഷികമേഖലയിലെ വര്‍ത്തമാനകാല തിരിച്ചടികളാണ്.
കൂടാതെ, കര്‍ഷകര്‍ക്ക് വിപണിയുമായി ബന്ധമില്ലാത്തത്, പ്രവര്‍ത്തന മൂലധനം എളുപ്പത്തില്‍ ലഭ്യമാകാത്തത്, ജലസേചന സൗകര്യമില്ലായ്മ, അത്യുല്‍പാദന വിത്തുകള്‍ ലഭ്യമല്ലാത്തത്, ശേഖരണ സംവിധാനമില്ലാത്തത്, കാര്‍ഷിക ഭൂമിയുടെ അപര്യാപ്തത, തുടങ്ങിയവ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളാണ്.
പങ്കാളിത്തകൃഷി, കര്‍ഷക കൂട്ടായ്മകള്‍, വ്യക്തികള്‍ക്ക് പ്രോത്സാഹനം എന്നിവ ഉല്‍പാദന മേഖലക്ക് ഊര്‍ജ്ജമേകും. തദ്ദേശ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്‍െറയും പിന്തുണ ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കും. ഇത്തരത്തില്‍ കൂടുതല്‍ മേഖലയില്‍ കൃഷി, ശാസ്ത്രീയ രീതിയില്‍ കൃഷി, അത്യുല്‍പാദന വിത്തുകളുടെ ഉപയോഗം, ആധുനിക കാര്‍ഷിക രീതികള്‍ എന്നിവ നടപ്പാക്കും.
പ്രാദേശികതല ആസൂത്രണം
ഭൂമി ലഭ്യത, നിലവിലെ കൃഷികള്‍, ജലസേചന സൗകര്യങ്ങള്‍ തുടങ്ങിയവ പ്രാദേശിക തലത്തില്‍ വിലയിരുത്തപ്പെടും. അയല്‍ക്കൂട്ടം, വാര്‍ഡ്, പഞ്ചായത്തുതലത്തില്‍ ഇക്കാര്യങ്ങള്‍ നടക്കും. അത്തരത്തില്‍, ജനങ്ങള്‍ തീരുമാനിക്കും എന്തു കൃഷിചെയ്യണം, എങ്ങനെ വേണം എന്നൊക്കെ.
എല്ലാ പഞ്ചായത്തുകളും ഇത്തരത്തില്‍ ലഭ്യമായ സൗകര്യങ്ങളും പ്രാദേശിക സാധ്യതകളും അധിഷ്ഠിതമായി കൃഷി പദ്ധതികള്‍ ആവിഷ്കരിക്കും. ഇതിനായി പഞ്ചായത്ത് റിസോഴ്സ് ഗ്രൂപ്പുകളും രൂപീകരിക്കും. വിവിധ മേഖലയിലെ വിദഗ്ദ്ധര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഈ ഗ്രൂപ്പിന്‍റെ ഭാഗമാകും. ഈ ഗ്രൂപ്പുകള്‍ക്ക് ജില്ലാതല പരിശീലനം നല്‍കുകയും, ഇവരുടെ നേതൃത്വത്തില്‍ വാര്‍ഡുതല യോഗങ്ങള്‍ നടത്തി കൃഷിക്കാവശ്യമായ പദ്ധതികള്‍ക്ക് പിന്തുണ നല്‍കും.
വിവിധ കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടുത്തി സംയോജിത കാര്‍ഷിക സമ്പ്രദായവും കര്‍ഷകര്‍ക്കായി ആവിഷ്കരിക്കും. വാര്‍ഡുതല കാര്‍ഷിക പ്ലാനും പഞ്ചായത്തുതല കാര്‍ഷിക പ്ലാനുംരൂപീകരിക്കും. ഗ്രാമീണ വികസന പദ്ധതികളുമായി ഏകോപിപ്പിക്കുവാന്‍ ബ്ളോക്ക് പ്ലാനുമുണ്ടാകും. ഇത്തരത്തിലെ പദ്ധതികള്‍ സംയോജിപ്പിക്കുവാന്‍ ജില്ലാതല പ്ലാനുമുണ്ട്.
ഇത്തരം സോണുകള്‍ മുഖാന്തിരം ഉല്‍പാദനത്തിന് ഇണങ്ങുന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധയും പിന്തുണയും നല്‍കും. കൂടുതല്‍ കൃഷിയിലൂടെ കൂടുതല്‍ ഉല്‍പാദനം എന്നത് ലക്ഷ്യമാക്കും. സാധ്യമായ ഭൂമികളിലെല്ലാം കൃഷിയിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നടപടികളുണ്ടാകും. ജലസേചന സൗകര്യവും ആധുനിക കാര്‍ഷിക സങ്കേതങ്ങളും ഒരുക്കിനല്‍കും. പ്രത്യേക സാമ്പത്തിക മേഖലകളിലേതുപോലെ ഇന്‍സെന്‍റീവുകള്‍ ലഭ്യമാക്കും.
മുഴുവന്‍ സമയ കര്‍ഷകരുടെയും ഭൂമിയുടേയും ലഭ്യത, മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങള്‍, കര്‍ഷക കൂട്ടായ്മകളുടെ ശക്തമായ സാന്നിധ്യം, അനുയോജ്യമായ മണ്ണ്, കാര്‍ഷിക കാലാവസ്ഥ എന്നിവ പരിഗണി ച്ചായിരിക്കും സോണുകളുടെ തെരഞ്ഞെടുപ്പ്.
പ്രത്യേക കാര്‍ഷിക സോണുകളില്‍ ആഗ്രോ സര്‍വീസ് സെന്‍ററുകള്‍, കാര്‍ഷിക കര്‍മസേന, ബയോ കണ്‍ട്രോള്‍ലാബ്, പ്ലാന്‍റ് ക്ലിനിക്കുകള്‍, ലീഡ് ഫാര്‍മര്‍ ഇന്‍ഷ്യേറ്റീവ്, റിസോഴ്സ് ഗ്രൂപ്പുകള്‍, വിത്ത് നഴ്സറികള്‍, പ്രദേശിക വിപണി, മണ്ണ് പരിശോധനാ ലാബ്, കമ്പോസ്റ്റ് ഫെര്‍ട്ടിലൈസര്‍ യൂണിറ്റ്, മാലിന്യ പുനഃചംക്രമണ യൂണിറ്റുകള്‍, ബയോഗ്യാസ് പ്ലാന്‍റുകള്‍, ബയോ ഫാര്‍മസി, കാര്‍ഷിക പരിശീലന കേന്ദ്രങ്ങള്‍, കാര്‍ഷികോല്‍പന്നങ്ങളുടെയും ഫെര്‍ട്ടിലൈസറുകളുടേയും ശേഖരണ സൗകര്യം, കോള്‍ഡ് ചെയിന്‍ ഫെസിലിറ്റി തുടങ്ങിയ ഒരുക്കും. ആര്‍.ഡി.ഒ യുടെ മേല്‍നോട്ടത്തില്‍ കര്‍ഷകര്‍ക്ക് ഏകജാലക സഹായത്തിനായി പ്രത്യേക ഓഫീസുകളും സ്ഥാപിക്കും.
പദ്ധതി അധിഷ്ഠിത സമീപനമായിരിക്കും പ്രത്യേക കാര്‍ഷിക സോണുകളില്‍. വിപണി ബന്ധവും മൂല്യവര്‍ധിത ഉല്‍പന്നകേന്ദ്രങ്ങളും ഉറപ്പാക്കും. പലിശരഹിത വായ്പകള്‍ക്ക് സൗകര്യമുണ്ടാകും. വിള ഇന്‍ഷുറന്‍സ് പദ്ധതികളും ഇതിന്‍റെ ഭാഗമാകും. കിസാന്‍, സോയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, നിരന്തര പരിശീലനം തുടങ്ങിയവയുമുണ്ടാകും.
ശാസ്ത്രീയ കൃഷിക്ക് ഉന്നത ഗുണനിലവാരമുള്ള വിത്തുകള്‍, മണ്ണ് പരിശോധനയും വിലയിരുത്തലും, യന്ത്രവത്കരണം, മികച്ച കര്‍ഷക ശീലങ്ങള്‍, തുടങ്ങിയവ പ്രോത്സാഹിപ്പിക്കും.
കര്‍ഷക കൂട്ടായ്മകള്‍
കര്‍ഷകരുടെ എണ്ണം കാലതോറുംകുറഞ്ഞു വരുന്നതിന് തടയിടാന്‍ കര്‍ഷക കൂട്ടായ്മകള്‍ സഹായകമാകും. കൂട്ടുകൃഷി ചെലവും ബാധ്യതയും കുറയ്ക്കാന്‍ ഏറെ സഹായകമാകും.
കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യുന്നവര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കും. അഞ്ചു മുതല്‍ 20 വരെ അംഗങ്ങളുള്ള ക്ലസ്റ്ററുകള്‍ കര്‍ഷക കൂട്ടായ്മയിലൂടെ രൂപീകരിക്കും.
വിപണനസാധ്യതകള്‍
പൊതുവില്‍ കര്‍ഷകര്‍ക്ക് വിപണി ബന്ധത്തിനും വിപണനത്തിനുമുള്ള സൗകര്യങ്ങളും മികവും കുറവായി കണ്ടുവരുന്നുണ്ട്. ഹോര്‍ട്ടികോര്‍പ്, വി.എഫ്.പി.സി.കെ എന്നീ സ്ഥാപനങ്ങള്‍ പോലും നിലവില്‍കേരളത്തിന് പുറത്ത് വന്‍തോതിലുള്ള വിപണനത്തിന് സൗകര്യമൊരുക്കുന്നില്ല.
ഉല്‍പന്നങ്ങള്‍ പ്രത്യേക സീസണുകളില്‍ ലഭ്യമാകുന്നതിനാല്‍ ഇവ സംസ്ഥാനത്തിനും പുറത്തും വിപണനം ചെയ്യേണ്ടതുണ്ട്. അധികോല്‍പാദനം മൂല്യാധിഷ്ഠിത ഉല്‍പന്നങ്ങളാക്കി മാറ്റാനും സൗകര്യങ്ങള്‍ ഒരുക്കും.
പോര്‍ട്ടല്‍
ഒരു ഇ-പോര്‍ട്ടലിലൂടെ കൃഷിയിടം മുതല്‍ കര്‍ഷകരേയും സ്ഥാപനങ്ങളേയും വിപണിയേയും ഉള്‍പ്പെടെ ബന്ധിപ്പിച്ച് ഉപഭോക്താക്കളിലേക്ക് ഉല്‍പന്നം എത്തിക്കുന്ന രീതിയിലേക്ക് വളരും.
വിപണനം
കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനായി 25 അഗ്രോ ബസാറുകളും 1000 ഇക്കോ ഷോപ്പുകളും കൃഷി വകുപ്പിന്‍റെയും വി.എഫ്.പി.സി.കെയുടേയും ഹോര്‍ട്ടികോര്‍പിന്‍റെയും ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍റെയും നേതൃത്വത്തില്‍ ആരംഭിക്കും. കര്‍ഷക കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരിക്കും നടത്തിപ്പ്.
അഗ്രോ ബസാറുകള്‍
പ്രമുഖ പട്ടണങ്ങളിലായിരിക്കും അഗ്രോ ബസാറുകള്‍ വരിക. സേഫ് ടു ഈറ്റ് ഭക്ഷണ സാമഗ്രികളുടെ കേന്ദ്രമാകും ഇവിടം. പച്ചക്കറികള്‍ മാത്രമല്ല, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുടെ മത്സ്യം, ചിക്കന്‍, എണ്ണ, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയും ഇവിടെ ലഭ്യമാക്കും.
കൂടാതെ, ഓണ്‍ലൈന്‍വഴി ഇത്തരം ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പോര്‍ട്ടലൊരുക്കും. ‘കര്‍ഷകമിത്ര’ യിലൂടെയും ഇത്തരം വിപണനം സാധ്യമാക്കും.
കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ)
കേരളത്തിലെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനുള്ള പ്രധാന സംരംഭമാകും ഈകമ്പനി. അഗ്രോപാര്‍ക്കുകളും അഗ്രോ മാളുകളും സ്ഥാപിക്കല്‍, പച്ചക്കറി-പഴം-നാണ്യവിളകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസനം, ഇവയുടെ പ്രാദേശിക വിപണി, കയറ്റുമതി എന്നിവയ്ക്ക് സഹായിക്കല്‍ തുടങ്ങിയവക്ക് കമ്പനി മുന്‍കൈ എടുക്കും. കാര്‍ഷിക സമൂഹത്തിന് വിവിധ വിഷങ്ങളില്‍ കൈത്താങ്ങ്, പുതുവിപണി കണ്ടെത്തല്‍, ഐ.ടി അധിഷ്ഠിതമായ സേവനങ്ങളുടെ നടത്തിപ്പ് തുടങ്ങിയവയും കമ്പനി മേല്‍നോട്ടം വഹിക്കും. കൃഷി മന്ത്രിയായിരിക്കും കമ്പനി ചെയര്‍മാന്‍.
പിന്തുണ
സബ്സിഡികള്‍, പലിശരഹിത വായ്പകള്‍, പ്രത്യേക പാക്കേജുകള്‍, ഉന്നത നിലവാരമുള്ള വിത്തുകള്‍, യന്ത്രവല്‍ക്കരണം, മനുഷ്യവിഭവശേഷി, നയപരമായ സഹായങ്ങള്‍, രോഗങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനു മുള്ള സഹായങ്ങള്‍ തുടങ്ങിയ പിന്തുണകള്‍ കൃത്യമായി നല്‍കും.
ഇത്തരത്തില്‍ കൃഷി ആസൂത്രണം മുതല്‍ വിപണിയിലെത്തിക്കല്‍ വരെയുള്ള സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികള്‍ ആവിഷ്കരിച്ച് കാര്‍ഷികമേഖലയെ ഉണര്‍ത്താനും കര്‍ഷകര്‍ക്ക് നവാവേശം നല്‍കാനും ഉദ്ദേശിച്ചുള്ള പദ്ധതികളാണ് ‘ഹരിതകേരളം’ പദ്ധതിയിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.





No comments:
Post a Comment